തട്ടാച്ചേരിയിലെ സ്വർണ്ണ വിസ്മയം :
ഏറെ കരവിരുത് ആവശ്യമായ തൊഴിലാണ് സ്വർണപ്പണി. ദീർഘകാലത്തെ ശിക്ഷണത്തിലൂടെയാണ് ഒരു സ്വർണ്ണ പണിക്കാരന് തൊഴിൽ നൈപുണി സ്വായത്തമാക്കുന്നതു്. ചിത്രകലയിലും ശിൽപ കലയിലും ഉള്ള വൈദഗ്ദ്ധ്യം ഈ തൊഴിലിന് അനിവാര്യമാണ്. വളരെയധികം കലാ മേന്മയുള്ളവയാണ് ഇവർ നിർമിക്കുന്ന സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളൂം. അതിനാൽ ഇവരെ ആഭരണ നിർമാണ കലാകാരന്മാർ എന്ന് വിളിക്കാവുന്നതാണ്.
കാസർകോട് ജില്ലയിൽ നീലേശ്വരം തട്ടാച്ചേരിയിൽ വടയന്തൂർ കഴകം കേന്ദ്രീകരിച്ചാണ് പരമ്പരാഗതമായി സ്വർണപ്പണി ചെയ്യുന്ന ഭൂരിഭാഗം പേരും താമസിക്കുന്നത്. ഈ കഴകം കേന്ദ്രീകരിച്ച് ഇന്ന് മുന്നൂറോളം കുടുംബങ്ങൾ ഉണ്ടു്. ചേര രാജാവ് ആവശ്യപ്പെട്ട പ്രകാരം ഒരു കാലത്ത് പാണ്ടി ദേശത്തു നിന്ന് വന്നവരാണ് ഇവർ എന്നാണ് വിശ്വാസം. എത്രയോ തലമുറകളായി ഇവർ ഇവിടെ കഴിയുന്നു. ഇവർക്ക് തമിഴും തെലുങ്കുമായി ബന്ധമൊന്നും ഇല്ല. നീലേശ്വരം രാജ വംശത്തിൻ്റെ ആവിർഭാവവുമായി ബന്ധപ്പെട്ടാണ് തട്ടാച്ചേരിയുടെ ആരംഭം. രാജകുടുബാംഗങ്ങൾക്കാവശ്യമായ ആഭരണങ്ങൾ നിർമിക്കുന്നതിനു വേണ്ടി ക്ഷണിച്ചു വരുത്തിയവരും അറിഞ്ഞു വന്നവരും ആയിരിക്കാം തട്ടാച്ചേരിയിലെ സ്വർണപ്പണി ചെയ്യുന്നവർ.
സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ, വിഗ്രഹത്തിന് ചാർത്തുന്ന ആഭരണങ്ങൾ, തെയ്യത്തിൻ്റെ അലങ്കാരങ്ങൾ, വിഗ്രഹങ്ങൾ എന്നിവയുടെ നിർമാണ ജോലികൾ ആണ് ഇവർ മുഖ്യമായി ചെയ്യുന്നത്. ആഭരണ നിർമാണ ജോലിയിൽ ഏർപ്പെടുന്നവരാണ് ഭൂരിപക്ഷവും.
ആഭരണങ്ങളുടെ വർഗീകരണത്തിൽ പ്രധാനമായി തുളച്ചിടേണ്ടവ (ആവേധ്യം), ബന്ധിക്കപ്പെടേണ്ടവ ( ബന്ധനീയം ) , എറിഞ്ഞു പിടിപ്പിക്കേണ്ടവ ( ക്ഷേപൃം), മേൽ വയ്ക്കപ്പെടേണ്ടവ ( ആരോപ്യം ) എന്നിങ്ങനെ നാലു് തരം ഉണ്ടെന്ന് പൗരാണിക ഗ്രന്ഥങ്ങളിൽ പറയപ്പെടുന്നു. എപ്പോഴൊക്കെ എങ്ങിനെയുള്ള ആഭരണങ്ങൾ ധരിക്കണമെന്നും നിർദ്ദേശമുണ്ടു്. ക്ലാസിക്കൽ കലകളുടെ വേഷഭൂഷാദികളിൽ ആഭരണങ്ങൾക് വലിയ പ്രാധാന്യമുണ്ടു്.
ആഭരണങ്ങൾക് ജാതിഭേദമനുസരിച്ച് വ്യത്യാസങ്ങൾ ഉണ്ടു്. മുസ്ലിം സ്ത്രീകളുടെ ആഭരണങ്ങൾ നിരവധിയാണ്. കാതിൽ ജാലി അലിക്കത്ത്, ചിറ്റലിക്കത്ത്, തോട, മണിക്കാതില, മിന്നി, കാതില, ജിമുക്കി; നെറ്റിയിൽ നെറ്റിപ്പട്ടം; കഴുത്തിൽ പങ്കെട്ട്, കല്ലുമണിമാല, ചങ്കേലസ്സ് , കൊരലാരം, പൊള്ള മണി, കാശുമാല ; കൈയിൽ കാപ്പു്, വളകൾ, കടകം; വിരലിൽ മോതിരങ്ങൾ; അരയിൽ അരപ്പട്ട, അരഞ്ഞാണം, ഏലസ്സ് ; കാലിൽ പാദസരം ; കാൽവിരലിൽ ചുററു മോതിരം തുടങ്ങിയവ കാണാം.
ഓരോ സമുദായവും അവരുടെ തനിമ വെളിവാക്കുന്ന ആഭരണങ്ങളാണ് ധരിച്ചിരുന്നത്. കാസർകോട് ജില്ലയിൽ ആഭരണങ്ങൾ ധാരാളമായി ധരിച്ചിരുന്നത് മുസ്ലീം സ്ത്രീകളാണ്. അതിനാൽ മുസ്ലീം ജനസാന്ദ്രത കൂടിയ പ്രദേശങ്ങളായ ഉപ്പള, കുമ്പള, കാസർകോട്, കോട്ടിക്കുളം, പള്ളിക്കര എന്നീ പ്രദേശങ്ങളിൽ ധാരാളമായി തൊഴിൽ ശാലകളും (പണിക്കാത്ത്) വില്പനശാലകളും ഉണ്ടായി. വളരെയധികം വൈവിധ്യം ആഭരണ നിർമാണത്തിൽ ഉണ്ടായിരുന്നു.
തൈയ്യങ്ങളുടെയും വിഗ്രഹത്തിനണിയുന്ന ആഭരണങ്ങളും നിരവധിയാണ്. ഒടിച്ചു കുത്തി, അരിമ്പൂ മാല, തലപ്പാളി, ചൂഢം നഖം, വെള്ളിപ്പൂവ്, ഇഗ്ർ, തട്ടു് കുട എന്നിവ അവയിൽ ചിലതു മാത്രം. പന്തം എന്നറിയപ്പെടുന്ന അരക്ക് പോലുള്ള പ്രത്യേകതരം പശയിൽ ലോഹം ഉറപ്പിച്ച് ഉളിയുപയോഗിച്ചു് കൊത്തിയെടുത്താണ് ആഭരണങ്ങൾ നിർമിക്കുന്നത്. പരമ്പരാഗതമായ ആഭരണരീതിയിൽ അച്ച് നിർമിച്ചും ആഭരണത്തിലെ അലങ്കാരങ്ങൾ തീർക്കാറുണ്ട്.
പണിയായുധങ്ങളും പണിശാലകളും
യന്ത്രവൽക്കരണം വരുന്നതുവരെ സ്വർണാഭരണ നിർമാണം സൂക്ഷ്മമായ കൈവേല മാത്രമായിരുന്നു. കരകൗശലം തികഞ്ഞ ശില്പ സൗന്ദര്യമുള്ള ആഭരണ നിർമാണത്തിന് ഉപയോഗിച്ചിരുന്ന പല പണിയായുധങ്ങൾ ഇന്ന് നിലവിൽ ഇല്ലാതായിട്ടുണ്ടു്. ഉമിയോടു്, മുട്ടിയ (ചുറ്റിക), അടോലു്, തീയിറിക്കിയ. (കൊടിൽ), ഓട, കമ്പിച്ച, അരം, അറു ഉളി, തട്ടിരുമ്പു്, വളമരം, വലക്കത്തിൻ്റെ അച്ച്, പൊള്ള കടയുന്ന അച്ച്, ഓട്ട അച്ച്, തമര്, ഓപ്പ കതിര് , ഉരുണ്ട കതിര് , പട്ടകത്തി, ഉളി, മുറു കൊടിൽ, വാൾ എന്നിവ അവയിൽ ചിലതു മാത്രം.
പണിക്കോട്, പണിക്കാത്ത് എന്നീ പേരുകളിലായിരുന്നു സ്വർണ പണിശാലകൾ അറിയപ്പെട്ടിരുന്നത്. വീടുകളിൽ പണിസ്ഥലം തയ്യാറാക്കി തൊഴിൽ ചെയ്യുന്ന പണിശാലകളെ പണിക്കോട് എന്നാണറിയപ്പെട്ടത്. പണിക്കോട് ഒരു പൊതു പണിയിടമായും പ്രവർത്തിച്ചു. വടയന്തൂർ കഴകം ഭണ്ഡാര പുരയിലെ പണിക്കോട് വെച്ചാണ് അമ്പലത്തിലെ ആചാര സ്ഥാനികൾ ആഭരണ നിർമാണ ജോലികൾ ചെയ്തിരുന്നത്. ഭണ്ഡാര പുരയ്ക് പുറമെ പുതിയ വീട്ടിലും അഴീക്കോടൻ വീട്ടിലും പണിക്കോട് ഉണ്ടായിരുന്നു. സ്വർണപ്പണിക്കാർ സ്വതന്ത്രമായി കൂടിച്ചേരുന്ന സ്ഥലമായതിനാൽ ഇവിടം തൊഴിലെടുക്കുന്നതിൻ്റെ ആവേശവും ഉല്ലാസവും കാണാൻ കഴിഞ്ഞിരുന്നു. ഇടവേളകളിൽ ‘വാരകളി’ പ്രധാന വിനോദമായിരുന്നു.എന്നാൽ പിന്നീടു് ജ്വല്ലറികളുടെ വരവോടെ, അങ്ങാടികളിൽ പണിക്കാത്ത് എന്ന പേരിൽ പണിശാലകൾ ഉയർന്നു വന്നു. 1980 കാലഘട്ടത്തിൽ പണിക്കാത്തുകൾ വ്യാപകമായപ്പോൾ പണിക്കോടുകൾ നാമാവശേഷമായി.
ജ്വല്ലറികൾ വ്യാപകമായതോടെ ആളുകൾ നേരിട്ടു് ആഭരണങ്ങൾ നിർമിക്കുന്നത് കുറഞ്ഞു വന്നു. ജ്വല്ലറികളുടെ പണിശാലകളിലും വീടുകളിൽ നിന്നും ജോലി ചെയ്യുന്നവരാണ് ഈ മേഖലയിൽ കൂടുതലായുള്ളത്. ആധുനിക ഉപകരണങ്ങളുടെ വരവോടെ മിക്കവരും ദിവസക്കൂലിക്കാരായി മാറി. പിന്നീടു് ആഭരണ നിർമാണ തൊഴിൽ രംഗത്ത് നിരവധി പ്രതിസന്ധികളുണ്ടായി. പരമ്പരാഗത തൊഴിൽ വിദഗ്ദരായ ഇവർ സ്വർണ തൊഴിൽ മേഖല ഉപേക്ഷിക്കാൻ തുടങ്ങി. തൊഴിൽ നൈപുണി അധികം ആവശ്യമില്ലാത്ത തൊഴിലുകളിലേക്ക് അവർക് മാറേണ്ടി വന്നു. കെട്ടിടങ്ങൾക് ചായം പൂശുക, കോൺക്രീറ്റ് പണി, ഫർണിച്ചർ പോളിഷിങ്ങ് , ലോട്ടറി വിൽപന, കൃഷിപ്പണി, ബാങ്കുകളിൽ അപ്രൈസർ, സെക്യൂരിറ്റി ജോലി തുടങ്ങിയവയിലേക്ക് ഇവർ മാറി.
പാരമ്പര്യമായി ലഭിച്ച കരവിരുതുകളാൽ സമ്പന്നമായ സ്വർണപ്പണിക്കാരെ സംരക്ഷിക്കേണ്ടതു് സാംസ്കാരിക ബോധവും പൈതൃകവും ഉൾക്കൊള്ളുന്ന ജനങ്ങളാണ്. കലയും തൊഴിൽ നൈപുണിയും സംരക്ഷിക്കണം. ഇവ ഒരു ജനസംസ്കൃതിയുടെ ഭാഗം തന്നെയാവണം.
അവലംബം:
1. ശ്രീധരൻ വെളിച്ചപ്പാടൻ
2. എം.പി മോഹനൻ
3. എം.പി നാരായണൻ
4 . വി.ദാമോദരൻ
5. ടി.വി. രമേശൻ
6. എം.പത്മനാഭൻ
7. എം. ബാബു
8. ടി.ബാലകൃഷ്ണൻ
9. എം. ജനാർദ്ദനൻ
10. എം.വിനീത്
ചിത്രം 1. പാലക്കാ മാല : പരമ്പരാഗത ആഭരണം. ശിൽപ്പി ടി. ദാമോദരൻ നീലേശ്വരം .
ചിത്രം 2. വെള്ളി കിരീടം : ശിൽപ്പി ടി. ദാമോദരൻ നീലേശ്വരം
ചിത്രം 3. സ്വർണ്ണ പത്താക്ക് : പുരാതന പരമ്പരാഗത ആഭരണം ശിൽപ്പി : ശ്രീധരൻ എ നീലേശ്വരം
ചിത്രം 4. തനിമയാർന്ന വീട്ടുപകരണങ്ങളുടെയും പാത്രങ്ങളുടേയും നാനോ രൂപങ്ങൾ. ശിൽപ്പി : എം വി ശശിധരൻ
(വെള്ളിയിൽ തീർത്ത ആഭരണങ്ങളുടെ വലിപ്പം താരതമ്യപെടുത്താൻ ചിത്രത്തിൽ കൊടുത്ത 10 ഗ്രാം തൂക്ക കട്ടി നിരീക്ഷിക്കുക)
ചിത്രം 5. തെയ്യത്തിൻ്റെ വെള്ളി അലങ്കാരം ശിൽപ്പി : ടി. വി. രമേശൻ
ചിത്രം 6. കൊയക്ക് മോതിരം . ശിൽപി : ബാലകൃഷ്ണൻ
ചിത്രം 7. പ്രായമായ സ്ത്രീകൾ ഉപയോഗിക്കുന്ന സൂര്യ കമ്മൽ (തക്ക). അകം പൊള്ളയായ ഇതിൽ അരക്ക് നിറച്ചാണ് നിർമിക്കുന്നത് . ശിൽപ്പി : എ. ശ്രീധരൻ നീലേശ്വരം
ചിത്രം 8. ലക്ഷ്മി മാല. ശിൽപ്പി : പി. പി. മോഹനൻ, മാണിയാട്ട്
————————–
Jayan Neeleswaram teaches mathematics in Govt. Higher Secondary School, Kakkat, Kasargod.
He is a poet and associated with many social and cultural organisations in Kerala.
——————————-