ലോകത്തിലെ അത്ഭുതങ്ങളുടെ പുതിയ പട്ടികയിൽ മധുര മീനാക്ഷി ക്ഷേത്രം ഉൾപ്പെട്ടിരിക്കുന്നു.45 ഏക്കറിൽ പരന്നു കിടക്കുന്ന ക്ഷേത്രത്തിന് 14 ഗോപുരങ്ങളുണ്ടു്. 170 അടി ഉയരമുള്ള തെക്കെ ഗോപുരമാണ് ഏറ്റവും വലുത് . കുലശേഖര പാണ്ഡ്യൻ നിർമിച്ച സുന്ദരേശ്വര ഗോപുരം പ്രസിദ്ധമാണ്. കൊത്തുപണികൾ കൊണ്ടു് നിർമിക്കപ്പെട്ട സ്തൂപങ്ങൾ വാസ്തു ശില്പ വൈദഗ്ദ്യം വിളിച്ചറിയിക്കുന്നു. ഏകദേശം 33 000 ശില്പങ്ങളാൽ സമ്പന്നമായ നിരവധി മണ്ഡപങ്ങളുണ്ടിവിടെ. ശൈവ വൈഷ്ണവ സങ്കല്പങ്ങളുടെ സമുദ്ധമായഅനുഭവങ്ങൾ ഏതൊരു സന്ദർശകനെയും ത്രസിപ്പിക്കുന്നു. ക്ഷേത്ര നടുവിൽ സ്വർണ ഗോപുരവും സ്വർണ താമര വിരിഞ്ഞു നിൽക്കുന്ന ‘പോർത്ത മാരയ് കുളം’ വലിയ ആകർഷണമാണ്. മീനാക്ഷിയുടേയും സുന്ദരേശ്വരന്റെയും (ശിവൻ) വിഗ്രഹത്തിന് പുറമെ ഗണേശനും മുരുകനും ലക്ഷ്മിയും രുഗ്മിണിയും സരസ്വതിയും വിവിധ മണ്ഡപങ്ങളിൽ ആരാധിക്കുന്നു.പത്തു ദിവസങ്ങളിൽ നടക്കുന്ന ശിവ- മീനാക്ഷി തിരു കല്യാണത്തിന് ലക്ഷകണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത് .വസന്തോത്സവം, നവരാത്രി ഉൽസവം തുടങ്ങി എല്ലാ മാസവും ഉൽസവങ്ങളാണിവിടെ.ഭക്തി സാന്ദ്രമായ ഉത്സവങ്ങളിലൂടെയാണ് മധുരാപുരി കടന്നു പോകുന്നത്. സുരഭിലമായ ധന്യ മുഹൂർത്തങ്ങൾ ഒരു കവിത പോലെ തീർത്ഥാടകർ ആസ്വദിക്കുന്നു.