കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണം: സുപ്രീം കോടതി
തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന എല്ലാ കുടിയേറ്റ തൊഴിലാളികളെയും 15 ദിവസത്തിനകം സ്വന്തം നാട്ടിലെത്തിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സർക്കാറുകളോട് കർശന നിർദ്ദേശം നൽകി. സ്കിൽ മാപ്പിങ്ങ് നടത്തി എല്ലാവർക്കും തൊഴിൽ പദ്ധതികൾ ആസൂത്രണം ചെയ്യാൻ കോടതി നിർദ്ദേശിച്ചു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ആവശ്വപ്പെടുന്നതിനനുസരിച്ചു് 24 മണിക്കൂറിനകം ശ്രമിക് ട്രെയിൻ ഓടിക്കുവാൻ റെയിൽവേയ്ക് നിർദ്ദേശം നൽകി. നാട്ടിലേക്ക് തിരിച്ചു പോകുന്ന തൊഴിലാളികളെ സഹായിക്കാൻ ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കുവാനും കോടതി നിർദ്ദേശിച്ചു. ലോക് ഡൗൺ കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ ദാരുണ ദൃശ്യം ശ്രദ്ധയിൽ പെട്ടതിനാൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ്സിലാണ് രാജ്യത്തെ സുപ്രധാന ഇടക്കാല ഉത്തരവ്. ജൂലായ് 8 ന് കോടതി വീണ്ടും കേസ്സ് പരിഗണിച്ച് കൊണ്ടു് കുടിയേററ തൊഴിലാളികളുടെ ദയനീയാവസ്ഥയ്ക് പരിഹാരം കാണും. ബ്ലോക്, ജില്ലാ തലങ്ങളിൽ കൗൺസലിങ് സെൻ്ററുകളും ഹെൽപ് ഡെസ്കുകളും സ്ഥാപിക്കണം. ബോധവൽകരണവും തൊഴിൽ സംബന്ധമായ വിവരങ്ങളും തൊഴിലാളികൾക് നൽകണം. തൊഴിൽ നൈപുണ്യം, ജോലിയുടെ സ്വഭാവം, ജോലി ചെയ്തിരുന്ന സ്ഥലം എന്നിവ രേഖപ്പെടുത്തിയ റജിസ്റ്റർ ജന്മനാട്ടിൽ സൂക്ഷിക്കണം. സുപ്രീം കോടതിയുടെ ഇത്തരം നിർദ്ദേശങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പാലിക്കപ്പെടേണ്ടതാണ്. ലോക് ഡൗൺ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞങ്കിലും നമ്മുടെ തൊഴിലാളികളെ സ്വന്തം നാട്ടുകളിലെത്തിക്കാൻ കഴിയാത്തത് പ്രതിഷേധാർഹമാണ്.