നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു /
മനോജ് മേനോൻ /
”ദൈവത്തിനപ്പോള്‍ എന്‍. എഫ്. വര്‍ഗ്ഗീസിന്റെ സ്വരമായിരുന്നു ” എന്ന രചന ഉള്‍പ്പടെ സിനിമ, സംഗീതം, സാഹിത്യം, ജീവിതം പ്രമേയമായ പതിനഞ്ച് രചനകളുടെ സമാഹാരമാണിത്.
പല കാലത്തെ അനുഭവങ്ങള്‍ ശേഖരിച്ച് പലയിടങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും കുറിപ്പുകളുമാണ് മനോജ് മേനോൻ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വ്യക്തികളും അനുഭവങ്ങളുമാണ് കഥാപാത്രങ്ങള്‍.
ശബ്ദരൂപം പൂണ്ട ദൈവമായി മാറിയ എന്‍. എഫ്. വര്‍ഗ്ഗീസും കായല്‍പ്പരപ്പില്‍ ഒഴുകി നീങ്ങിയ യാത്രായാനത്തില് വച്ച് മനസ്സില്‍ വിരല്‍ തൊട്ട കെ.എല്‍.ആന്റണിയും, ഷെഹ്നായ് യെന്ന കുറുങ്കുഴലില്‍ നിന്ന് വികാരപ്രപഞ്ചങ്ങളുടെ വേലിയേറ്റങ്ങള്‍ തീര്‍ത്ത ബിസ്മില്ലാഖാന്, നിത്യസുന്ദരമായ ഓര്മപ്പകിട്ടില് പ്രേംനസീര്‍, തൊണ്ണൂറുകളിലെ മലയാളസിനിമാ കാണികള്‍ക്ക് അതിശയങ്ങളുടെ ലോകം തുറന്നിട്ട ഇറാനിയന്‍ ചലച്ചിത്രകാരന് മഹ്സീന് മഖ്മല്‍ബഫ്, ഹാര്മോണിയത്തിന് പകരം കൈവിരലുകളില്‍ സ്റ്റില്‍ ക്യാമറ ചേര്‍ത്തു വച്ച ഇളയരാജ, പ്രതിഭാധിക്കാരം കൊണ്ട് വിലാസങ്ങളെഴുതിയ തിലകനും സുകുമാരനും, വേറിട്ട കഥപറച്ചില്‍ കൊണ്ട് സിനിമയില്‍ ഒറ്റയടിപ്പാത തീര്‍ത്ത ലെനിന് രാജേന്ദ്രന്, ഒറ്റപ്പാട്ടിലെ പകുതിസ്വരം കൊണ്ട് പാട്ടുചരിത്രത്തില്‍ ഇടമുറപ്പിച്ച ഗായത്രി ശ്രീകൃഷ്ണന്, ആടി മതിവരാതെ കലാമണ്ഡലം ഗോപിയാശാന്, എഴുതിത്തീരാതെ മടങ്ങിയ മലയാറ്റൂര്‍, ചരിത്രത്തില്‍ സ്വയം അകപ്പെട്ട തങ്കപ്പന് നായര്‍, വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് യാത്ര ചെയ്ത പി.എം.ആന്റണി, മൗനം കൊണ്ട് ചിത്രം വരച്ച കെ.ദാമോദരന്‍. അങ്ങനെ 15 അനുഭവങ്ങളും ഓര്‍മകളും.
ഒരു പക്ഷെ, ഇറാന് സംവിധായകന് മഖ്മല്‍ബഫിന്റെ മലയാളത്തിലെ ആദ്യത്തെ അഭിമുഖമായിരിക്കണം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.
ലളിത സുന്ദരമായ സിനിമ പോലെ സത്യന് അന്തിക്കാട് – രഘുനാഥ് പലേരി കൂട്ടുകെട്ട് ഈ പുസ്തകത്തില്‍ സംഭവിക്കുന്നുണ്ട്.
രഘുനാഥ് പലേരിയുടേതാണ് അവതാരിക. സത്യന് അന്തിക്കാടാണ് പിന്കുറിപ്പ് എഴുതിയത്.
”അത്തരം തിരശ്ശീലകളിലാണ് ജീവിതത്തിലെ എന്‍. എഫ്. വര്ഗ്ഗീസുമാരെയും പ്രേംനസീര്മാരെയും ബിസ്മില്ലാഖാന് മാരെയും മൊഹ്സീന് മഖ്മല്‍ ബഫുമാരെയും എല്ലാം നമ്മള് അപൂര്‍വമായി കണ്ടു മുട്ടുന്നതും. തിരശ്ശീലയിലെ പ്രകാശം ജീവിതത്തിലേക്ക് പ്രതിഫലിപ്പിക്കുക. അവിടം കഥാപാത്രമായി മാറുന്ന കാഴ്ചക്കാരന് സ്ത്ബ്ധനായി നിന്നു പോവുക. ഇതാ.. ഞാനെന്റെ ജീവിത തിരശ്ശീലയില്‍ നിന്നും പെറുക്കിയൊരു ഞാനല്ലാത്ത കഥാപാത്രം എനിക്ക് താങ്ങായും തണലായും ജീവനായും മാറുന്നുവെന്ന് പറയാനുള്ള ആര്‍ജവം നേടുക. അതൊരു ശുദ്ധമനസ്സിനേ സാധിക്കൂ. അത്തരം മനസ്സിനകത്തെ വെള്ളി വെളിച്ചമാണ് ഈ പുസ്തകത്തിലെ കുറിപ്പുകള്‍ നിറയെ ” എന്ന് ‘സുതാര്യവള്ളിപ്പടര്പ്പിലെ ദളങ്ങളില്ലാത്ത പൂവുകള്‍ ‘ എന്ന തലക്കെട്ടിലെഴുതിയ അവതാരികയില്‍ രഘുനാഥ് പലേരിപറയുന്നു.
”മനോജ് മേനോന് എന്ന മാധ്യമ പ്രവര്‍ത്തകനെ ഞാന്‍ ശ്രദ്ധിക്കുന്നത് എഴുത്തിലെ ലാളിത്യം കണ്ടിട്ടാണ്. പത്രഭാഷയില്ലാത്ത പത്രക്കാരന് എന്നാണ് ആദ്യം തോന്നിയത്. വാക്കുകള്‍ വന്ന് പതിക്കുന്നത് വായനക്കാരന്റെ ഹൃദയത്തിലാണെന്ന് ” സത്യന് അന്തിക്കാട് പിന്‍കുറിപ്പില്‍ എഴുതുന്നു.
പത്രപ്രവര്‍ത്തകനായ മനോജ് മേനോൻ മാതൃഭൂമി ദിനപത്രത്തിന്റെ ഡല്‍ഹി ബ്യൂറോയില്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റായി പ്രവര്‍ത്തിക്കുന്നു. മനോജ് മേനോൻ 28 വര്‍ഷമായി മാധ്യമ രംഗത്തുണ്ട്. ഇതില്‍ പത്ത് വര്‍ഷം ദൃശ്യമാധ്യമ രംഗത്തായിരുന്നു. എം.ഫില്‍ ബിരുദധാരിയാണ്.
നേര്‍ച്ച മുട്ട (ആഫ്രിക്കന്‍ കഥകളുടെ വിവര്‍ത്തനം), ഇരുട്ടില്‍ ചില ഒച്ചയനക്കങ്ങള്‍ (രാഷ്ട്രീയ അഭിമുഖങ്ങള്‍), ഭൂമി ശവക്കോട്ടയാകുന്ന കാലം (എഴുത്തുകാരന് ആനന്ദുമായി ദീര്‍ഘ സംഭാഷണം) എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റ് പുസ്തകങ്ങള്‍.
പുസ്തകം പൂര്‍ണയുടെ കോഴിക്കോട്, കല്പറ്റ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പുസ്തകശാലകളിലും മറ്റ് പുസ്തക വില്പന ശാലകളിലും ലഭിക്കും. പൂര്‍ണയുടെയും ആമസോണിന്റെയും ഓണ്‍ലൈനിലും ലഭ്യമാണ്.