എന്റെ കലാ ലോകം : ഓരോ വ്യക്തിയും ജീവിക്കുന്നത് പിൻമറഞ്ഞ മനുഷ്യ ചരിത്രത്തോളം നീണ്ടതും വരാനിരിക്കുന്ന മനുഷ്യ ചരിത്രത്തോളം മുന്നോട്ട് പോകുന്നതുമായ പെരുവഴിയിലെ ഒരു ബിന്ദുവിലാണ്. സാധാരണ ഗതിയിൽ അവന് ഇന്നാണ് പ്രസക്തം. ഇന്നലെകൾ അവ്യക്തമായിക്കൊണ്ടിരിക്കുന്ന ചിത്രവും ചരിത്രവുമാണ്. ഇന്ന് സുവ്യക്തമായ കാഴ്ചയും നേർ അനുഭവുമാണ്. നാളെ ആഗ്രഹ സഫലീകരണത്തിനുള്ള സങ്കൽപ ലോകവും. എന്നാൽ ഒരു സൃഷ്ട്യുന്മുഖമായ മനസ്സിന് ഇന്നലെകൾ തെളിമയാർന്ന വളക്കുറുള്ള വിളനിലങ്ങളും ഇന്ന് മൂർത്തമായ അനുഭവവും നാളെ ഭാവനയുടെ കൊടുമുടികളുമാണ്. വരയ്ക്കാനറിയുമെന്ന് തിരിച്ചറിഞ്ഞ കാലം മുതൽ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്ന പഴയ കാലത്തെ പ്രത്യക്ഷപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു. തുടക്കം കറുപ്പിലും വെളുപ്പിലുമായി രചിച്ച രേഖാചിത്രങ്ങളും ജലച്ചായ രചനകളുമായിരുന്നു. കൂടുതൽ നിറങ്ങളിലേക്ക് ക്രമേണയുള്ള മാറ്റങ്ങളായിരുന്നു. ഇതിനിടെ എഴുപതുകളിൽ ചിത്രകലാ ലോകത്തെ പഠിക്കുവാനും ശ്രമിച്ചു കൊണ്ടിരുന്നു. ഇതാണ് തുടക്കത്തിൽ താന്ത്രിക് ശൈലിയോട് തോന്നിയ ആഭിമുഖ്യത്തിന് കാരണം. അതേസമയം രചനാ രീതിയിൽ സ്വന്തമായ ശൈലികൾ കണ്ടെത്താനും ശ്രമിച്ചു കൊണ്ടേയിരുന്നു. അക്കാദമിക് ശൈലിയിലൊന്നും പഠനം നടത്താതിരുന്ന തിന്നാൽ എനിക്ക് വഴികൾ സ്വയം വെട്ടിത്തെളിയിക്കേണ്ടിയിരുന്നു. പരിമിതമായ നിറങ്ങളുപയോഗിച്ച് രേഖാ വിന്യാസങ്ങൾ നിറഞ്ഞ താന്ത്രിക്ക് എന്ന് പറയാൻ പറ്റില്ലെങ്കിലും സമാന വിഷയങ്ങളും പ്രതീകങ്ങളുമുപയോഗിച്ച് കുറച്ച് ചിത്രങ്ങൾ ആ കാലത്ത് രചിക്കയുണ്ടായി. 1978 ൽ ഡൽഹിയിൽ രണ്ടാം രാഷ്ട്രീയ കലാമേളയിലാണ് ഈ രീതിയിലുള്ള ഒരു ചിത്രം ആദ്യമായി പ്രാർശിപ്പിക്കുന്നത്. പിന്നീട് 1981, 82, 83 വർഷങ്ങളിൽ ഡൽഹിയിൽ കേന്ദ്ര ലളിതകലാ അക്കാദമിയുടെ വാർഷിക പ്രദർശനങ്ങളിലും പങ്കെടുത്തു.
എൺപതുകളിലാണ് പ്രാദേശികമായി ലഭിക്കുന്ന ലാറ്ററേറ്റ് മീഡിയത്തിൽ ചെയ്ത ശില്പങ്ങളുടെ തുടക്കം. ഏതെങ്കിലും ഒരു ശൈലിയിൽ ഉറച്ച് നിന്ന് രചന നിർവഹിക്കുന്ന ഒരു രീതിയിൽ നിന്ന് വിഭിന്നമായി സ്വയം കണ്ടെത്തിയ രീതികളിൽ വരയ്ക്കുവാനാണ് എപ്പോഴും ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാറുള്ളത്. ഇന്ന് എന്റെ ചിത്രങ്ങൾ എത്തിനിൽക്കുന്നത് മനുഷ്യോന്മുഖമായ കാഴ്ചയും കാഴ്ചപ്പാടുമുള്ള രചനകളാണ്. ഇവിടെ മനുഷ്യ പുരോഗതിക്കനുസരിച്ച് പ്രകൃതിയുടെ നാശവും ഹൃദയം നഷ്ടപ്പെട്ട ചിന്തകളും വിഷയമായിത്തീരുന്നു.
ഏതാണ്ട് അഞ്ച് പതിറ്റാണ്ടോളം ദീർഘമുള്ള എന്റെ കലായാത്രയിൽ ചിത്രകലയും ശില്പകലയും ജീവിതത്തിന്റെ ഒരവിഭാജ്യ ഘടകമായി കൊണ്ടുനടക്കുകയാണ്.
ഒരു ചിത്രകാരനായി ജീവിക്കുക എന്നതാണ് പ്രധാനമെന്ന് ഞാൻ കരുതുന്നു.