ചേര ചോള പാണ്ഡ്യ സംസ്കൃതിയുടെ ഓർമകളും സ്വപ്നങ്ങളും താലോലിക്കുന്ന തമിഴകത്തിന്റെ ഹൃദയഭൂമിയായ മധുരാപുരി നിരവധി പേരെ എന്നും ആകർഷിക്കുന്നു. വൈഗെ നദീതീരത്തെ മധുര, കലയും സാഹിത്യവും സമ്മേളിച്ച പുണ്യഭൂമിയാണ്. സംഘ കാല സംസ്കൃതിയുടെ തിരുശേഷിപ്പുകളും നിരവധി രാജ വംശങ്ങളുടെ ചരിത്രമുഹൂർത്തങ്ങളും തേടി മധുര എന്ന മഹാനഗരത്തിലേക്ക് നിരവധി പേർ എത്തുന്നു. കൗടില്യന്റെ അർത്ഥ ശാസ്ത്രത്തിലും മെഗസ്തനീസിന്റെ യാത്രാ വിവരണങ്ങളിലും മധുരാ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. മധുരയുടെ പ്രധാന ആകർഷണം പ്രാചീന സംസ്കൃതിയുടെ പ്രതീകമായി നിലനിൽക്കുന്ന മധുര മീനാക്ഷി ക്ഷേത്രം തന്നെ.
മധുര മീനാക്ഷി ക്ഷേത്രം
മധുരാ നഗരത്തിനോളം തന്നെ പഴക്കമുണ്ട് മധുര മീനാക്ഷി ക്ഷേത്രത്തിനും. പാണ്ഡ്യരാജാവായ കുലശേഖരർ ഒന്നാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ക്ഷേത്രമെന്ന് പറയപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിലാണ് ക്ഷേത്ര നിർമാണം നടത്തിയതെന്ന് നിരവധി മത ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടു്. പതിനാറാം നൂറ്റാണ്ടിൽ വിശ്വനാഥ നായകർ എന്ന രാജാവു് ക്ഷേത്രം പുതുക്കി പണിതെന്നും പിന്നീടു് 1623 നും 1655 നും ഇടയിൽ മധുര ഭരിച്ചിരുന്ന തിരുമല നായക് വീണ്ടും ക്ഷേത്രം നവീകരിച്ചെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടു്. 1529-1564 കാലത്ത് വിശ്വനാഥ് നായക് രാജാവിന്റെ നിർദ്ദേശ പ്രകാരം വാസ്തു ശില്പാശാസ്ത്രമനുസരിച്ച് ക്ഷേത്രങ്ങളും തെരുവുകളും നിർമിക്കപ്പെട്ടു.
മീനാക്ഷിയുടെ തിരു കല്യാണം
ഒരു യാഗത്തിലൂടെ വരദാനമായി ലഭിച്ച മീനാക്ഷിയെ മലയദ്വജ രാജാവ് തന്റെ പിൻഗാമിയായി മധുരാപുരിയിൽ വാഴിക്കുകയും പിന്നീടു് അവരുടെ ജൈത്യയാത്രയിൽ ഇന്ദ്ര ലോകത്തിലെത്തി ശിവഭഗവാനെ വരനായി സ്വീകരിച്ചുകൊണ്ടു് മധുരാപുരിയിൽ തിരിച്ചെത്തുന്നു. പിന്നീടു് മധുരാപുരി തികച്ചും ആനന്താതിരേകത്താൽ പുളകമണിയുന്ന മധുര മീനാക്ഷിയുടെ തിരു കല്യാണമാണ് ദർശിക്കുന്നത്. സന്തോഷത്തിന്റെയും ഭക്തിയുടെയും അനിർവചനീയമായ ധന്യ മുഹൂർത്തത്തിലൂടെ ഒരു ജനതതി കടന്നു പോകുന്നു.
എന്നാൽ കോവിഡ് മഹാമാരി കാരണം മാർച്ച് 17 മുതൽ മധുരാപുരി അടഞ്ഞു കിടക്കുകയാണ്. പുരോഹിതന്മാരുടെ കാർമികത്വത്തിൽ ചടങ്ങുകൾ മാത്രമാണ് നടത്തുന്നത്. വർഷങ്ങളായി ജനലക്ഷങ്ങൾ പങ്കെടുത്തു കൊണ്ടുള്ള തിരു കല്യാണം മഹാമാരി കാരണം വെറും ചടങ്ങുകളിൽ ഒതുങ്ങുന്നു . 1311 ൽ മുടങ്ങി പോയ ഉത്സവങ്ങൾ വിജയനഗര സാമ്രാജ്യ കാലത്ത് പുനരാരംഭിച്ചതായി ചില ചരിത്രകാരന്മാർ പറയുന്നു. തിരുമലെ നായ്ക്കർ രാജ കാലത്താണ് തിരു കല്യാണം ജനലക്ഷങ്ങളെ പങ്കെടുമിച്ചു കൊണ്ടുള്ള മഹോത്സവമാക്കി മാറ്റിയത്.
ലോകത്തിലെ അത്ഭുതങ്ങളുടെ പുതിയ പട്ടികയിൽ മധുര മീനാക്ഷി ക്ഷേത്രം ഉൾപ്പെട്ടിരിക്കുന്നു. 45 ഏക്കറിൽ പരന്നു കിടക്കുന്ന ക്ഷേത്രത്തിന് 14 ഗോപുരങ്ങളുണ്ടു്. 170 അടി ഉയരമുള്ള തെക്കെ ഗോപുരമാണ് ഏറ്റവും വലുത് . കുലശേഖര പാണ്ഡ്യൻ നിർമിച്ച സുന്ദരേശ്വര ഗോപുരം പ്രസിദ്ധമാണ്. കൊത്തുപണികൾ കൊണ്ടു് നിർമിക്കപ്പെട്ട സ്തൂപങ്ങൾ വാസ്തു ശില്പ വൈദഗ്ദ്യം വിളിച്ചറിയിക്കുന്നു. ഏകദേശം 33000 ശില്പങ്ങളാൽ സമ്പന്നമായ നിരവധി മണ്ഡപങ്ങളുണ്ടിവിടെ. ശൈവ വൈഷ്ണവ സങ്കല്പങ്ങളുടെ സമുദ്ധമായഅനുഭവങ്ങൾ ഏതൊരു സന്ദർശകനെയും ത്രസിപ്പിക്കുന്നു. ക്ഷേത്ര നടുവിൽ സ്വർണ ഗോപുരവും സ്വർണ താമര വിരിഞ്ഞു നിൽക്കുന്ന ‘പോർത്ത മാരയ് കുളം’ വലിയ ആകർഷണമാണ്. മീനാക്ഷിയുടേയും സുന്ദരേശ്വരന്റെയും (ശിവൻ) വിഗ്രഹത്തിന് പുറമെ ഗണേശനും മുരുകനും ലക്ഷ്മിയും രുഗ്മിണിയും സരസ്വതിയും വിവിധ മണ്ഡപങ്ങളിൽ ആരാധിക്കുന്നു. പത്തു ദിവസങ്ങളിൽ നടക്കുന്ന ശിവ- മീനാക്ഷി തിരു കല്യാണത്തിന് ലക്ഷകണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്. വസന്തോത്സവം, നവരാത്രി ഉൽസവം തുടങ്ങി എല്ലാ മാസവും ഉൽസവങ്ങളാണിവിടെ. ഭക്തി സാന്ദ്രമായ ഉത്സവങ്ങളിലൂടെയാണ് മധുരാപുരി കടന്നു പോകുന്നത്. സുരഭിലമായ ധന്യ മുഹൂർത്തങ്ങൾ ഒരു കവിത പോലെ തീർത്ഥാടകർ ആസ്വദിക്കുന്നു.
മധുര സ്മാർട്ട്
കലയും സാഹിത്യവും സമ്മേളിച്ച മധുര ഇന്ന് കൂടുതൽ സ്മാർട്ട് ആവുകയാണ്. ജവഹർലാൽ നെഹറു നാഷണൽ അർബൻ റിന്യൂവൽ മിഷൻ പ്രകാരം നഗരത്തിൽ ഡ്രയിനേജ് സിസ്റ്റം നടപ്പാക്കി. 1924 ൽ തുടങ്ങിയ ശുചീകരണ പദ്ധതികൾ ആധുനിക നഗരവൽകരണത്തിന്റെ തുടക്കം കുറിച്ചു. 153 കോടി രൂപ ചെലവഴിച്ചു കൊണ്ടു് പുതുക്കി പണിത പെരിയാർ ബസ് സ്റ്റാൻഡ് മികച്ചസ്മാർട്ട് സിറ്റി പദ്ധതിയാണ്. സതേൺ റെയിൽവേ മധുരെ ഡിവിഷൻ മികച്ച യാത്രാസൗകര്യമാണ് ഒരുക്കിയത്.മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ നഗരത്തിലുണ്ട്. 2018 ൽ പ്രധാനമന്ത്രി തറക്കല്ലിട്ട് തുടങ്ങിയ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റൂട്ടു് ഓഫ് മെഡിക്കൽ സയൻസ് ന്റെ 1264 കോടി പദ്ധതി തെക്കെ ഇന്ത്യയിൽ തന്നെ വലിയ അഭിമാനമാകുമെന്നതിൽ സംശയമില്ല.