ലോക് ഡൗൺ കാലത്താണ് റേഷൻ കാർഡിന്റെ വില മനസ്സിലായത്. 15 കി.ഗ്രാം അരി സൗജന്യമായി സന്നദ്ധ പ്രവർത്തകർ വീട്ടിലെത്തിച്ചപ്പോൾ എത്ര ദിവസം വേണമെങ്കിലും പട്ടിണി കൂടാതെ വീട്ടിലിരിക്കാൻ കഴിയുമെന്ന സ്ഥിതിയിലായി. പക്ഷെ റേഷൻ കാർഡ് ഇല്ലാത്തവർ എന്തു് ചെയ്യും ?കേരളത്തിൽ ആധാർ നമ്പർ നൽകിയാൽ അരി നൽകാനുള്ള സംവിധാനം ഏർപ്പെട്ടുത്തിയിട്ടുണ്ടു്. എന്നാൽ മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി വ്യത്യസ്ഥമാണ്. ഇന്ത്യയിൽ ഏകദേശം 10 കോടി ജനങ്ങൾ റേഷൻ സംവിധാനത്തിൽ നിന്ന് പുറത്ത് നിൽക്കുകയാണെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇതിന് പ്രധാന കാരണം നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരമുള്ള നിർദേശങ്ങളാണ്. 2011 ലെ സെൻസസ് അടിസ്ഥാനപ്പെടുത്തിയ ജനസംഖ്യയും നാഷണൽ സാമ്പിൾ സർവെയുടെ ആളോഹരി ശരാശരി കൺസൂമർ എക്സ്പെൻഡിച്ചറും ബന്ധപ്പെട്ടുത്തി റേഷൻ സംവിധാനം ക്രമപ്പെട്ടുത്തിയപ്പോൾ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ജനസഖ്യയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയ കാർഡുകളുടെ എണ്ണം കേന്ദ്ര സർക്കാർ നിജപ്പെട്ടുത്തിയിരിക്കുന്നു . അതിനാൽ സംസ്ഥാന സർക്കാർ പുതിയ കാർഡുകൾ അനുവദിക്കുന്നില്ല.നിരവധി സംസ്ഥാനങ്ങളിൽ റേഷൻ കാർഡുകൾക്കായുള്ള അപേക്ഷകൾ കെട്ടികിടക്കുന്നുമുണ്ടു്. യു.പി., ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ പിന്നോക്ക മേഖലകളിലെ തൊഴിലാളികൾക് റേഷൻ കാർഡുകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നതായി കാണാം. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും മഹാരാഷ്ടയിലും സ്ഥിതി ഇതു തന്നെ .