രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം വാസ്തു ശിൽപ വിസ്മയം
പാമ്പൻ പാലത്തിലൂടെയുള്ള യാത്ര വളരെ മനോഹരമാണ്. രണ്ട് കിലോ മീറ്റർ ദൈർഘ്യമുള്ള പാലത്തിലൂടെയുള്ള യാത്ര എന്നും നാം ഓർമിക്കും. ഈ പാലം ഒരു എൻജിനിയറിങ്ങ് വിസ്മയമാണ്.
പാമ്പൻ പാലം കടന്നാൽ രാമേശ്വരം എത്തി. അമ്പതിനായിരത്തോളം ജനസംഖ്യയുള്ള ചെറിയ പട്ടണമാണ് രാമേശ്വരം.ഇവിടെയാണ് നിരവധി തീർത്ഥാടകരെ ആകർഷിക്കുന്ന രാമനാഥസ്വാമി ക്ഷേത്രമുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തീർത്ഥാടകരെത്തുന്നു. 15 ഏക്കർ വിസ്തൃതിയിൽ ചുറ്റും വലിയ മതിലുകളോടെ പണി കഴിപ്പിച്ച ഈ പുരാതന ക്ഷേത്രം ദ്രാവിഡ ശില്ല വൈദഗ്ദ്യം വിളിച്ചറിയിക്കുന്നു.
“ഭാരതീയ ശില്പകലയുടെ മകുടോദാഹരണമാണിവിടെ കാണാൻ കഴിയുക. നിരവധി ക്ഷേത്രങ്ങളിൽ ഇത് കാണാൻ കഴിയുമെങ്കിലും രാമേശ്വരത്തെ ശില്പ ചാതുര്യം മറെറവിടേയും കാണാൻ കഴിയില്ല”. പ്രസിദ്ധനായ ആർകിടെക്ട് ഫർഗൂസൻ തൻ്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. നിരവധി രാജാക്കന്മാർ പലപ്പോഴായി പണികഴിപ്പിച്ച ഇവിടുത്തെ ഇടനാഴികൾ ലോകപ്രസിദ്ധമാണ്.
12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നാണിത്. ബദരീനാഥ്, പുരി ജഗനാഥ ക്ഷേത്രം, ദ്വാരകാക്ഷേത്രം, രാമനാഥസ്വാമി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാക്കന്മാർ പുതുക്കി പണിത ക്ഷേത്രത്തിന് ശ്രീലങ്കയിലെ അന്നത്തെ രാജാക്കന്മാരുടെ സഹായവും ലഭിച്ചിരുന്നു. വർഷങ്ങളായി നിരവധി രാജ വംശങ്ങളുടെ സഹായത്താൽ പടുത്തുയർത്തിയ ഈ ക്ഷേത്രത്തിന് വാസ്തു ശിൽപ ഭംഗിയിൽ പ്രഥമ സ്ഥാനമാണുള്ളത്. വലിയ ചുറ്റുമതിലുകളുള്ള ക്ഷേത്രത്തിൻ്റെ നാലു ഭാഗങ്ങളിലും വലിയ ഭംഗിയുള്ള കൊത്തു പണികളിൽ തീർത്ത ഗോപുരങ്ങൾ കാണാം. നിരവധി ഇടനാഴികളുള്ള ഈ ക്ഷേത്രം പല ഘട്ടങ്ങളായി പണികഴിപ്പിച്ചതാണ്. നിരവധി ദേവീ ദേവന്മാരുടെ സുന്ദര ശില്പങ്ങൾ ചുമരുകളിലും തൂണുകളിലും കൊത്തിവെച്ച മനോഹര കവിതകൾ തന്നെയാണ്. 3850 അടി മൊത്തം നീളമുള്ള ഇവിടുത്തെ ഇടനാഴികൾക്ക് 1212 തൂണുകൾ ഉള്ളതായും രേഖപ്പെടുത്തിയിട്ടുണ്ടു്. ആദ്യത്തെ ഇടനാഴി പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ചതാണ്. മൂന്നാം ഇടനാഴിയാണ് ഏററവും വലിയ ക്ഷേത്ര ഇടനാഴിയായി അറിയപ്പെടുന്നത്. വിജയ രഘുനാഥ സേതുപതി 1722 ൽ ശിലാസ്ഥാപനം നടത്തി 1772 ൽ മുത്തു രാമലിംഗ വിജയ രഘുനാഥ സേതുപതി പൂർത്തിയാക്കി. നിരവധി മണ്ഡപങ്ങൾ ഉള്ള ഈ ക്ഷേത്രം ഒരു വിസ്മയം തന്നെയാണ്.
ഭാരതീയ ഇതിഹാസ കാവ്യമായ രാമായണത്തിലെ നിരവധി മുഹൂർത്തങ്ങൾക് സാക്ഷ്യം വഹിച്ച ഗന്ധമാധന പർവതം ഇവിടെയാണ്. ശ്രീരാമൻ രാവണനെ വധിച്ചതിന് ശേഷം തൻ്റെ എല്ലാവിധ പാപങ്ങളിൽ നിന്നും മോചനം ലഭിക്കാൻ ശിവഭഗവാനെ പ്രാർത്ഥിക്കുന്നതിനായി ശിവലിംഗം കൊണ്ടുവരാനായി ഹനുമാനെ ഹിമാലയത്തിലയക്കുന്നു. എന്നാൽ ഹനുമാൻ മടങ്ങി വരാത്തതിനാൽ ശ്രീരാമൻ രാമേശ്വരത്തെ മണൽത്തരികൾ കൊണ്ടു് ശിവലിംഗം സൃഷ്ടിച്ച് പ്രതിഷ്ഠ നടത്തി. പിന്നീടു് ഹനുമാൻ കൊണ്ടുവന്ന ശിവലിംഗവും ഇവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചു. അങ്ങിനെ രണ്ട് ശിവലിംഗങ്ങളും ഇവടെ ആരാധിക്കപ്പെടുന്നു ഹനുമാൻ കൊണ്ടുവന്നത് വിശ്വ ലിംഗമെന്നറിയപ്പെടുന്നു. ഹനുമാൻ കൊണ്ടുവന്ന മറ്റൊരു ശിവലിംഗം ആത്മലിംഗമെന്ന പേരിൽ ഇവിടെയുള്ള ഹനുമാൻ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു. രാമനാഥക്ഷേത്രത്തിലെ പള്ളിയറയിൽ
എല്ലാ രാത്രിയിലും രാമനാഥസ്വാമി വിഗ്രഹം എഴുന്നള്ളിച്ച് പൂജ നടത്തുകയും, കാലത്ത് ശ്രീകോവിലിലേക്ക് തിരിച്ച് എഴുന്നള്ളിക്കുന്ന അപൂർവ്വദർശനത്തിൽ ഭക്തർ ആനന്ദ പുളകിതരാവുന്നു.
കഥകളും ഉപകഥകളുമായി നിരവധി ദേവസ്ഥാനങ്ങളുണ്ടിവിടെ. രാമേശ്വരത്ത് 64 തീർത്ഥ കുളങ്ങളുണ്ടു്. ഇതിൽ 24 എണ്ണം വളരെ പ്രധാനമാണ്. ഇവിടുത്തെ അഗ്നി തീർത്ഥത്തിലെ സ്നാനം തീർത്ഥാടകർ വളരെ പരിപാവനമായാണ് കരുതുന്നത്. ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും ശിവഭഗവാനെ പ്രാർത്ഥിച്ച സ്ഥലമാണിത്. എന്നും ഭക്തജനങ്ങളുടെ പ്രവാഹമാണ്. മോക്ഷ പ്രാപ്തിക്കായി നിരവധി പേർ ഇവിടെയെത്തുന്നു. പാപമോചനം നേടി ആത്മസംതൃപ്തിയോടെ നീങ്ങുന്ന തീർത്ഥാടകരുടെ നീണ്ട നിര എന്നും കാണാം. ഉത്സവങ്ങളും ആഘോഷങ്ങളും അവരെ ആനന്ദ പുളകിതരാക്കുന്നു .