വീട്ടിലിരുന്ന് ഓൺലൈനിൽ ഡോക്ടറെ കാണാം
വീട്ടിലിരുന്ന് ഓൺലൈനിൽ ഡോക്ടറോടു് നേരിട്ടു് സംസാരിച്ചു് സൗജന്യമായി ചികിത്സ ലഭിക്കാനുള്ള സൗകര്യമാണ് ആരോഗ്യ വകുപ്പ് ആരംഭിച്ചിരിക്കുന്നത്. ടെലി മെഡിസിൻ കൺസൾട്ടേഷൻ വഴി ഓൺലൈൻ ഒ.പി സംവിധാനത്തിലൂടെ ഡോക്ടർമാർക് രോഗികളെ പരിശോധിക്കാനുള്ള സംവിധാനമാണിത്. രോഗികളുടെ മെഡിക്കൽ അനുബന്ധ രേഖകളും മറ്റും പരിശോധിച്ചു കൊണ്ടു് ചികിത്സ നിർദേശിക്കാൻ പോർട്ടലിൽ സൗകര്യമുണ്ടു്. ജീവിത ശൈലീ രോഗങ്ങൾ, മാനസികാസ്വാസ്ഥ്യങ്ങൾ എന്നിവയ്ക്കും ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കി കൊണ്ടു് ചികിത്സ നിർദേശിക്കാൻ കഴിയും. കോവിഡ് കാലത്ത് ക്വോറൻറയിനിൽ കഴിയുന്നവർക്കും ഈ സംവിധാനം വളരെ ഉപയോഗപ്രദമാണ്.
ഇൻറർനെറ്റ് സംവിധാനമുള്ള സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചു് esanjeevaniopd.in/kerala എന്ന വെബ് സൈറ്റിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഓൺലൈൻ കൺസൾട്ടേഷൻ ഒരുക്കിയിരിക്കുന്നത്. ദിശ സെൻററിൻ്റെ സഹായത്താൽ 32 ഡോക്ടർമാരുടെ ഓൺലൈൻ സേവനം രാവിലെ 8 മുതൽ രാത്രി 8 മണി വരെ ലഭ്യമാണ്. കോവിഡ് കാലത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കി കൊണ്ടുള്ള രാജ്യത്തെ ഇ- സഞ്ജീവനി ഓൺലൈൻ ഓ.പി സംവിധാനം തികച്ചും നൂതനവും സ്വാഗതാർഹവുമാണ്.ഡിജിറ്റൽ ഇന്ത്യ എന്ന ആശയം നേരത്തേ തുടങ്ങിയിരുന്നുവെങ്കിലും കോവിഡ് കാലത്താണ് ഓൺലൈൻ പ്ലാറ്റുഫോമുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. ലോകത്തിലെ മികച്ച വെൽനസ്സ് ഡെസ്റ്റിനേഷനായി മാറാനുള്ള മികച്ച സാദ്ധ്യതയാണ് കേരളത്തിൽ കോവിഡിന് ശേഷം കൂടി വരുന്നത്.