12 JULY 2022
പുസ്തകം /
കുന്നിറങ്ങുന്ന കുഞ്ഞോർമകൾ / മിനിറോസ് ആൻ്റണി
വായിക്കുന്ന ഏതൊരാളിനെയും ബാല്യത്തിന്‍റെ നിഷ്കളങ്കതയിലേക്കു തിരികെക്കൊണ്ടുപോകുന്ന, വിസ്മയകരമായ രചന – ശ്രീ. തമ്പി ആന്‍റണി
“കുഞ്ഞോര്‍മകള്‍ കുന്നിറങ്ങിവരുന്നതു വായിച്ചപ്പോള്‍, ഞാനും അറിയാതെ എന്‍റെ കഴിഞ്ഞ കാലങ്ങളിലേക്കു പറന്നുപോകുന്നതുപോലെയാണ് അനുഭവപ്പെട്ടത്. ഞാനും കൂടിയുള്‍പ്പെടുന്ന, ഞങ്ങളുടെ കൊച്ചുകൊച്ചു ലോകങ്ങളിലൂടെയുള്ള യാത്ര അവിസ്മരണീയമായിരുന്നു. ഒറ്റവായനയില്‍, വാരിവിതറിയിട്ട കുറേ ഓര്‍മത്തുരുത്തുകളാണെന്നു തോന്നുമെങ്കിലും സൂക്ഷ്മവായനയില്‍, പല തരത്തിലുള്ള പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞുനില്‍ക്കുന്ന പൂന്തോട്ടത്തിന്‍റെ അനന്യകാന്തിയാണു കാണുക. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിട്ടുള്ള മിനിറോസിന് ഏതു നാടിനേയും നാട്ടുകാരേയും കുറിച്ചു പറയുമ്പോഴും പൊന്‍കുന്നത്തെ നിഷ്കളങ്കയായ പാവാടക്കാരിപ്പെണ്‍കുട്ടിയുടെ മനസ്സ് സൂക്ഷിക്കാന്‍ കഴിയുന്നു; ആ കാഴ്ചപ്പാടു സൂക്ഷിക്കാന്‍ കഴിയുന്നു,” പ്രശസ്ത എഴുത്തുകാരനും നടനും സിനിമ നിർമാതാവുമായ തമ്പി ആന്‍റണി, മിനി റോസിൻ്റെ പുസ്തകത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു.
“നിറയെ മണികളുള്ള ഒരു വെള്ളികൊലുസ് ഉള്ളിലെവിടെയോ എന്നും കിലുകിലാ കിലുങ്ങിയിരുന്നു. കുഞ്ഞുകുഞ്ഞോർമകൾ കൊണ്ട് കോർത്ത ആ വെള്ളി കൊലുസാണ് ഈ വരികളിലൂടെ തെളിഞ്ഞു വരുന്നത്. തൊട്ടാവാടി ചെടികളും കുഴിയാനകളുടെ മിനുമിനുത്ത കുഞ്ഞി കുഴിവീടുകളും നിറഞ്ഞ പൊൻകുന്നത്തേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമെങ്കിലും പൊന്നുപോലെ തിളക്കമാർന്ന ഓർമകൾക്ക് ഒരിക്കലും അവധി കൊടുത്തിരുന്നില്ല. സമ്മർദ്ദങ്ങളില്ലാതിരുന്ന ചെറുപ്പകാലം പിന്നീടിങ്ങോട്ടുള്ള ജീവിതയാത്രയിലെ ശക്തിയേറിയ ഊന്നുവടിയായിരുന്നു എന്ന തിരിച്ചറിവും കൂടിയാണ് ഈ എഴുത്തിന് പിന്നിലെ പ്രചോദനം. ഉള്ളിലെ ഓർമകളുടെ മണികിലുക്കം ഇക്കാലമത്രയും പകർന്നു തന്നത് അനിർവചനീയമായ ഉന്മേഷമാണ്… പ്രതിസന്ധികളിൽ തളരാനനുവദിക്കാത്ത ഊർജമാണ്…..”, മിനിറോസ് ആൻ്റണി പറഞ്ഞു.
മിനിറോസ് ആൻ്റണി, ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ നിന്നും ഡിഗ്രിയും എസ്.ബി . കോളേജിൽ നിന്ന് പോസ്റ്റ് ഗ്രാജുവേഷനും പൂർത്തിയാക്കി. കുട്ടിക്കാനം സെന്റ് പയസ് ടെൻ ഇംഗ്ലീഷ് സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു.
പി . കെ . തോമസുമായുള്ള വിവാഹശേഷം ചങ്ങനാശേരിയിലും എറണാകുളത്തും പിന്നീട് അബുദാബിയിലും താമസിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷമായി അമേരിക്കയിൽ താമസിക്കുന്നു.
ഇപ്പോൾ അരിസോണയിൽ കുമോണ്‍ എന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു.
റൊഷേൽ, നോയേൽ, ലെയ്ൻ എന്നിവർ മക്കളും ഹെൻട്രി മരുമകനും ലിയം കൊച്ചുമകനുമാണ്. അഡ്മിനിസ്ട്രേഷനിലും ഫൈനാൻസിലുമാണ് റൊഷേലും നോയേലും ഹെൻട്രിയും പ്രാവീണ്യം നേടിയിരിക്കുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥിനിയായ ലെയ്ൻ കുതിരയോട്ടത്തിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.
അറിയപ്പെടുന്ന വോളിബോൾ താരം ജോസഫ് ആന്റണിയും പ്രശസ്ത എഴുത്തുകാരനും നടനും സിനിമ നിർമാതാവുമായ തമ്പി ആന്റണിയും മലയാള സിനിമയിലെ എക്കാലത്തെയും ആക്‌ഷൻ ഹീറോയായ ബാബു ആന്റണിയും സഹോദരന്മാരാണ്.
എഴുത്തും ചിത്രരചനയുമാണ് പ്രധാന വിനോദങ്ങൾ.