ലോകം മുഴുവൻ കോറോണാ വൈറസ്സ് പടർന്നു കഴിഞ്ഞു.വിവിധ രാജ്യങ്ങളിലായി രണ്ടര ലക്ഷത്തിലധികം ആളുകൾ മരണമടഞ്ഞു. മുപ്പത്തിആറു് ലക്ഷത്തിലധികം പേർ രോഗ ബാധിതരാണ്. ഇറ്റലി, സ്പയിൻ, ജർമനി, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളിൽ ഭീതിതമാം വിധം രോഗം പടർന്നു പിടിക്കുകയാണ്. ആദ്യമായി രോഗം റിപ്പോർട് ചെയ്ത ചൈനയിലെതിനെക്കാൾ മരണ സംഖ്യ അമേരിക്കയിൽ സംഭവിച്ചു കഴിഞ്ഞു.ഇന്ത്യയടക്കമുള്ള മററു രാജ്യങ്ങളിലും ശക്തമായി രോഗം പടരുകയാണ്. പരിശോധനകൾക്കാവശ്യമായ മെഡിക്കൽ കിറ്റുകൾ രോഗ നിർണയത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പരിശോധനകൾ താരതമ്യേന കുറവായതിനാൽ രോഗ വ്യാപനത്തിന്റെ ശരിയായ ചിത്രവും ലഭ്യമല്ല.
ഇന്ത്യയിൽ കേരളത്തിലാണ് ജനവരി 30 ന് കോവിഡ്- 19 സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിൽ തിരിച്ചെത്തിയതോടെയാണ് രോഗം മനസ്സിലായത്.പിന്നീട് ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ പത്തനംതിട്ട സ്വദേശികൾക്കും ഗൾഫ് നാട്ടിൽ നിന്ന് വന്ന കാസർക്കോട് കാരനും രോഗം സ്ഥിരീകരിച്ചു. അവരുടെ സമ്പർക്കത്തിലുള്ള നിരവധി പേരെ പരിശോധനകൾക് വിധേയമാക്കി, ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിന് വിധേയമാക്കി.ഇതിനിടയിൽ നിരവധി പേർ വിദേശങ്ങളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിൽ തിരിച്ചെത്തി. ഇതോടെ ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ കോവിസ് – 19 റിപ്പോർട്ട് ചെയ്തു.ഇന്ത്യയിൽ സാമൂഹ്യ വ്യാപനം തടയാനായി മാർച്ച് 24 മുതൽ 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചു.പിന്നീടു് മെയ് 3 വരെ രണ്ടാം ലോക് ഡൗണും ഏർപ്പെടുത്തി. മെയ് 17 വരെ നീണ്ടു നിൽക്കുന്ന മൂന്നാം ഘട്ടത്തിലൂടെ നാം കടന്നു പോവുകയാണ്.അത്യാവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. തൊഴിലാളികളും സാധാരണക്കാരും ദുരിതത്തിലാണ്. അവരുടെ സഹായത്തിനായി നിരവധി ക്ഷേമ പാക്കേജുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
അതിഥി തൊഴിലാളികൾ
ലോക് ഡൌൺ കാരണം ഏറ്റവും കഷ്ടപ്പെട്ടുന്നത് മൈഗ്രൻറ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ്. ദാരുണമായ ദൃശ്യമാണ് ഇന്ത്യയിലെ വൻ നഗരങ്ങളിൽ കാണുന്നത്. മഹാരാഷ്ട്രയിൽ മാത്രം 2011 സെൻസസ് പ്രകാരം 23 ലക്ഷം മൈഗ്രന്റ് തൊഴിലാളികൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ടു്. ഇതിനു പുറമെ സീസണൽ തൊഴിലാളികൾ വേറേയും കാണും. കേരളത്തിലും അതിഥി തൊഴിലാളികൾ നിരവധിയാണ്. അവരുടെ സംരക്ഷണം അതിപ്രധാനമാണ്. അതീവ ജാഗ്രത സംസ്ഥാന സർക്കാർ പുലർത്തി വരുന്നു.തീവണ്ടികളും ബസ്സുകളും മറ്റു യാത്രാ സൗകര്യങ്ങളും നിലച്ചതോടെ ഉത്തരേന്ത്യൻ ഹൈവേകളിലൂടെ നിരവധി പേരാണ് സാധനങ്ങളും കൈ കുഞ്ഞുങ്ങളുമായി സ്വന്തം ഗ്രാമങ്ങളിലേക്ക് കാൽനടയായി നീങ്ങുന്നത്. വിഭജന കാലത്തെ ദൃശ്യം മാണ് നമ്മെ ഓർമിപ്പിക്കുന്നതു്. മുംബെ റയിൽവേ സ്റ്റേഷനുകളിലുള്ള തിരക്ക് യുദ്ധകാല സമാനമായിരുന്നു. താമസവും ഭക്ഷണവും നൽകി അവരെ ആശ്വസിപ്പിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാറുകൾ നടത്തി വരുന്നു. രോഗ ഭീതിയുടെ ദിനങ്ങളിലൂടെ അവർ കടന്നു പോകുന്നു.
പരിശോധനകൾവ്യാപകമാക്കുന്നു
കേരളത്തിൽ കോവിഡ്- 19 സ്ഥിരീകരിച്ചവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും ഉണ്ടു്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. മറ്റു രാജ്യങ്ങളിലും ഇതു പോലെ കണ്ടിട്ടുണ്ട്. അതിനാൽ രോഗ പരിശോധന കൂടുതൽ പേരിൽ നടത്തി രോഗ വ്യാപനം തടയാനുള്ള ശ്രമം തുടരും. ഇതിനായി റാപ്പിഡ് ടെസ്റ്റും വ്യാപകമാക്കും.